കരുനാഗപ്പള്ളി : കോഴിശേരില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി, ആലുംകടവ്, കരിച്ചാലില്‍ വീട്ടില്‍ വിഷ്ണു(29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 2.20 ഓടെയായിരുന്നു സംഭവം.
ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ പ്രതി തിടപ്പള്ളിയുടെ പൂട്ടുപൊളിച്ച് അകത്തുകയറുകയും അവിടെ സൂക്ഷിച്ചിരുന്ന മഹാലക്ഷ്മി നടയുടെ താക്കോല്‍ കൈക്കലാക്കി നടതുറന്ന് മോഷണത്തിന് ശ്രമിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെ മോഷണശ്രമം മനസിലാക്കിയ ക്ഷേത്ര ഭാരവാഹി കരുനാഗപ്പള്ളി പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതിയെ വലയിലാക്കുകയുമായിരുന്നു.
കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തില്‍ എഎസ്ഐ ശ്രീജിത്ത്, എസ്സിപിഒ ശ്രീരാജ് ,സിപിഒ അംജില് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.